യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ സംഘടിപ്പിച്ച യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷം ഡിസംബർ 6 ന് ശനിയാഴ്ച അൽ ഖുസൈസിലെ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ അതിവിപുലമായി അരങ്ങേറി. ഉജ്ജ്വലമായ ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രവാസി സമൂഹത്തിന് എന്നും വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ ഈ വർഷവും ഭിന്നതയാർന്ന നിരവധി പരിപാടികൾ അവതരിപ്പിച്ചു. ആഘോഷ പരിപാടിയുടെ ചടങ്ങ് റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മൂഹിയുദ്ധീൻ ഉത്ഘാടനം നിർവഹിച്ചു. ബഷീർ സൈദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇർഷാദ് മടവൂർ അദ്യക്ഷത വഹിച്ചു. തുടർന്ന് യുഎഇയിലെ സർക്കാർ, ബിസിനസ്, സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ വിവിധ കലാ-സാംസ്‌കാരിക വിരുന്നുകൾ അരങ്ങേറി.
എപ്പോഴും ദേശീയ ദിനാഘോഷം സവിശേഷമാക്കുന്ന യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ, ഈ വർഷം യു.എ.ഇ ദേശീയ പതാകയുടെ മാതൃകയിൽ ആയിരക്കണക്കിന് വർണകുടകൾ കൂട്ടിചേർത്ത് നിർമ്മിച്ച ഭീമാകാര പതാക, ഉച്ചയ്ക്ക് രണ്ടു മണിമുതൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. നീലാകാശത്തെ അലങ്കരിച്ച ഈ ദൃശ്യവിസ്മയം ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.

മലയാളികൾക്ക് സംഗീതവിരുന്ന് സമ്മാനിക്കുന്ന സംഗീതജ്ഞൻ നാച്ചു കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച സംഗീത വിരുന്ന് വേദിയെ ആവേശഭരിതമാക്കി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ,കേരളീയ പൈതൃകകലാരൂപങ്ങളായ കോൽക്കളി, കളരിപ്പയറ്റ്, ഗിന്നസ് റെക്കോർഡ് ജേതാക്കളായ സിൻസിൻ ലേഡീസ് കലാവേദിയുടെ മുട്ടിപ്പാട്ട്, മറ്റു സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവ എല്ലാം ചേർന്ന് വേദിയെ ഒരു സാംസ്‌കാരിക മഹോത്സവമാക്കി മാറ്റി.
യു.എ.ഇയുടെ വികസനത്തോടൊപ്പം വ്യക്തിപരമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിക്കുകയും ചെയ്തു.
യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീസൺ 4 യുപിഎ ഫുട്ബോൾ മാമാങ്കത്തിന്റെ ലോഗോ പ്രകാശനം റാഷിദ് ബിൻ അസ്‌ലാം നിർവഹിച്ചു.
ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് സലീം ഇട്ടമ്മൽ, ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്, വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ പൂക്കാട്, ജോയിൻ സെക്രട്ടറി സൈനുദ്ദീൻ ഇട്ടമ്മൽ, ജോയിൻറ് ട്രഷറർമാരായ ഫസൽ, അബ്ദുൽ ഗഫൂർ മുസല്ല കൂടാതെ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.

ഘോഷയാത്ര പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇർഷാദ് മടവൂറിന്റെ നേതൃത്വത്തിൽ,
എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ പട്ടാമ്പി, ചന്ദ്രൻ, ഷറഫുദ്ദീൻ, സമീൽ അമേരി, നൗഫൽ മൂസ, നൗഷാദ് ഹുസൈൻ, ഫൈസൽ കാലിക്കറ്റ്, യാസർ എന്നിവരും,
കമ്മിറ്റി അംഗങ്ങളായ സജീർ, ഖാലിദ്, ആർ.വി.എം. മുസ്തഫ, അമാൻ, ലിജോ തുടങ്ങി അസോസിയേഷൻ അംഗങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.
ആയിരങ്ങൾ പങ്കെടുത്ത ഐക്യത്തിന്റെ മഹാവേദി യുഎഇയോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന ഈ ദേശീയ ദിനാഘോഷത്തിന് അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബങ്ങളും കൂടാതെ പ്രവാസി സമൂഹത്തിലെ ആയിരക്കണക്കിന് ആളുകളും പങ്കുചേർന്ന് ഒരു വലിയ ഐക്യം പ്രകടമാക്കി.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഫിനാൻസ് ഇൻചാർജ് മുസ്തഫ മംഗലം അസോസിയേഷന്റെ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.